വടകര: വില്ല്യാപ്പള്ളിയിൽ പശ്ചിമ ബംഗാൾ സ്വദേശിയായ ആറുവയസ്സുകാരി നസ്രിൻ മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. കുഞ്ഞിന്റെ ശരീരത്തിൽ അടിയേറ്റതിന്റെ വ്യക്തമായ പാടുകൾ കണ്ടെത്തിയതോടെ വടകര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കി. ബംഗാൾ ഭരത്പൂർ സ്വദേശിയും ആക്രി ശേഖരിക്കുന്ന നാടോടിസംഘത്തിലെ അംഗവുമായ അജിഫുർ എസ്.കെ.യുടെ മകളാണ് മരിച്ച നസ്രിൻ (6).

ഇക്കഴിഞ്ഞ 22-ന് രാവിലെ 11 മണിയോടെ വയറുവേദനയെയും ഛർദ്ദിയെയും തുടർന്ന് കുട്ടിയെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എക്സ്റേയ്ക്കും രക്തപരിശോധനയ്ക്കും ഡോക്ടർ നിർദേശിച്ചെങ്കിലും തുടർചികിത്സ തേടാതെ രക്ഷിതാക്കൾ കുട്ടിയുമായി മടങ്ങുകയായിരുന്നു. തുടർന്ന് വൈകിട്ടോടെ നില ഗുരുതരമായതിനെ തുടർന്ന് വില്ല്യാപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം കുട്ടി മരണപ്പെട്ടിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് കുട്ടിയുടെ ശരീരത്തിൽ ഒന്നിലധികം ശക്തമായ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയത്. കുട്ടികൾ തമ്മിലുണ്ടായ അടിപിടിയാണ് പരിക്കുകൾക്ക് കാരണമെന്നാണ് രക്ഷിതാക്കളുടെ മൊഴിയെങ്കിലും പോലീസ് ഇത് പൂർണ്ണമായി വിശ്വാസത്തിലെടുത്തിട്ടില്ല.
പിതാവ് അജിഫുർ നൽകിയ പരാതിയിലാണ് പോലീസ് നിലവിൽ കേസ് എടുത്തിരിക്കുന്നത്. രക്ഷിതാക്കളെയും കൂടെയുള്ളവരെയും പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം റോഡ് മാർഗ്ഗം ജന്മനാടായ പശ്ചിമ ബംഗാളിലേക്ക് കൊണ്ടുപോയി.
