ശബരിമല സ്വർണക്കൊള്ള കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും അജികുമാറും റിമാൻഡിൽ

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്, മുൻ അംഗം എ അജികുമാർ എന്നിവർ റിമാൻഡിൽ. കൊല്ലം വിജിലൻസ് കോടതിയാണ് ഇരുവരെയും 13 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഇവരെ പൂജപ്പുര സ്‌പെഷ്യൽ ജയിലിലേക്ക് കൊണ്ട് പോകും. കോടതിയിൽ ഇരുവരും ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച സാഹചര്യത്തിൽ വേണ്ട ചികിത്സ നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്.

വീട്ടിലെത്തിയാണ് എസ്ഐടി സംഘം പ്രശാന്തിനെ കസ്റ്റഡിയിൽ എടുത്തത്. ദ്വാരപാലക പാളികൾ സ്വർണം പൂശാൻ കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. മൂന്നംഗസംഘമാണ് പ്രശാന്തിനെ കസ്റ്റഡിയിൽ എടുത്തത്. രാവിലെ വീട്ടിലെത്തിയ സംഘം പ്രശാന്തിനോട് അന്വേഷണത്തോട് സഹകരിക്കണമെന്നും കൂടെവരണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഭക്ഷണം കഴിച്ചിട്ട് വന്നാൽ മതിയെന്ന് പറഞ്ഞെങ്കിലും വേണ്ടെന്നായിരുന്നു പ്രശാന്തിന്റെ മറുപടി.

ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പി എസ് പ്രശാന്ത് ഉൾപ്പെടെ ഏഴ് പേരുടെ പങ്ക് സംബന്ധിച്ച് തെളിവുകൾ ലഭിച്ചതായി എസ്ഐടി അറിയിച്ചിരുന്നു. 2025-ൽ ദ്വാരപാലക വിഗ്രഹങ്ങൾ വീണ്ടും ചെന്നൈയിലേക്ക് കൊണ്ടുപോയത് 2019-ൽ നടന്നതായി പറയുന്ന സ്വർണ അപഹരണം മറച്ചുവെക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നാണ് ആരോപണം. ഈ നടപടിക്ക് ആവശ്യമായ ഭരണാനുമതികൾ നൽകുന്നതിലും ഫയൽ നടപടികളിലുമുണ്ടായ അന്നത്തെ ദേവസ്വം ബോർഡ് നേതൃത്വത്തിന്റെ പങ്ക് അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് എസ്ഐടിയുടെ നിലപാട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി പി എസ് പ്രശാന്തിനും മുൻ ദേവസ്വം ബോർഡ് അംഗം എ അജികുമാറിനുമെതിരെ പുതിയ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ എസ്ഐടിക്ക് അനുമതി നൽകിയത്.

അതേസമയം താൻ യാതൊരു ഗൂഢാലോചനയിലും പങ്കെടുത്തിട്ടില്ലെന്നാണ് പി എസ് പ്രശാന്തിന്റെ വാദം. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ വളരെ കുറച്ച് തവണ മാത്രമാണ് കണ്ടതും ഫോണിൽ സംസാരിച്ചതും. താൻ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്ത് കേസ് മറച്ചുവെക്കാൻ ശ്രമിച്ചിട്ടില്ല. നിയമപരമായി കേസ് നേരിടുമെന്നും പി എസ് പ്രശാന്ത് പറഞ്ഞിരുന്നു.

ഏത് നിമിഷവും തന്റെ അറസ്റ്റ് ഉണ്ടാകുമെന്നും പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമാണെന്നുമാണ് പി എസ് പ്രശാന്ത് അറസ്റ്റിന് തൊട്ടുമുമ്പ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. 2025ൽ തങ്ങൾ ചെയ്ത തെറ്റ് എന്താണെന്നും 2019ലെ ശബരിമല സ്വർണക്കൊള്ള കേസ് പുറത്തുവരാൻ നിമിത്തമായ ബോർഡിനെ പ്രതിപട്ടികയിൽ നിർത്തുകയാണെന്നും പി എസ് പ്രശാന്ത് ആരോപിച്ചു. 2025ൽ ദ്വാരപാലക ശിൽപ്പങ്ങൾ കൊണ്ട് പോയതിൽ എന്തെങ്കിലും നഷ്ടമോ കുറവോ, നടപടി ക്രമങ്ങളിൽ വീഴ്ച്ചയോ ഉണ്ടായിട്ടില്ല. കേസിൽ പ്രതിയാക്കണമെന്ന വാശിയോടെ കാര്യങ്ങൾ വളച്ചൊടിക്കുന്നവർക്ക് തങ്ങൾ അനുഭവിക്കുന്ന മാനസിക സംഘർഷം മനസ്സിലാകണമെങ്കിൽ അത് സ്വന്തം ജീവിതത്തിൽ വന്നുചേരണമെന്നും അത്തരമൊരു സ്ഥിതി ആർക്കും ഉണ്ടാകാതിരിക്കട്ടെയെന്നും പ്രശാന്ത് വൈകാരികമായി പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *