സുഗതന്റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷിയായി ജയിൽ മുറി; തിരുവനന്തപുരം കോർപ്പറേഷൻ അംഗമായി ആർ. സുഗതൻ

തൃശ്ശൂർ: വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്ത് കാപ്പാകേസ് പ്രതിയും ബിജെപി കൗൺസിലറുമായ ആർ സുഗതൻ. ഈശ്വര നാമത്തിലാണ് ജയിലിലെ ലൈബ്രറി ഹാളിലൊരുത്തിയ വേദിയിൽ സുഗതൻ സത്യപ്രതിജ്ഞ ചെയ്തത്. മേയർ വി വി രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാനത്ത് ആദ്യമായാണ് ജനപ്രതിനിധി ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്. തിരുവനന്തപുരം വാഴോട്ടുകോണം കൗൺസിലർ ആണ് സുഗതൻ.

ദൈവങ്ങളുടെ പേരെടുത്ത് പറഞ്ഞും ബലിദാനികളുടെ പേരിലും സത്യപ്രതിജ്ഞ ചെയ്തതിന് സുഗതൻ ഉൾപ്പെടെ തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയിരുന്നു. പിന്നീട് മറ്റ് കൗൺസിലർമാർ കോർപ്പറേഷനിൽ വെച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്തെങ്കിലും കാപ്പ ചുമത്തപ്പെട്ട് ജയിലിലായതിനാൽ സുഗതന് കൗൺസിലർമാർക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യാനായിരുന്നില്ല. പിന്നാലെ സുഗതൻ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയേയും തുടർന്ന് ഹൈക്കോടതിയേയും സമീപിക്കുകയായിരുന്നു. ഹൈക്കോടതിയിൽ നിന്നാണ് സുഗതന് അനുകൂലമായ ഉത്തരവ് വന്നത്. കാപ്പാക്കേസ് പ്രതിയായ സുഗതനെ പുറത്തിറക്കാൻ ആകില്ലെന്ന് പ്രോസിക്യൂഷൻ നിലപാട് സ്വീകരിച്ചതോടെ ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാൻ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

സുഗതന് മേൽ ചുമത്തിയ കാപ്പാ തടവ് കാപ്പാ ഉപദേശക സമിതി ശരിവെച്ചിട്ടുണ്ട്. ഇതോടെ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കാൻ സുഗതന് വിലക്കുണ്ട്. സത്യപ്രതിജ്ഞ നടത്താൻ സാധിച്ചില്ലെങ്കിൽ സുഗതൻ കൗൺസിലർ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെടുമായിരുന്നു. അങ്ങനെ സംഭവിച്ചാൽ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബിജെപിക്ക് നഷ്ടമാവുകയും ചെയ്യുമായിരുന്നു. സത്യപ്രതിജ്ഞ ചെയ്താലും ജയിലിൽ തുടരുന്നതിനാൽ കൗൺസിൽ യോഗങ്ങളിൽ ഹാജരാകാൻ കഴിയാതിരിക്കുന്നത് ഭാവിയിൽ സുഗതന്റെ അംഗത്വത്തിന് ഭീഷണിയായേക്കാം.

Leave a Reply

Your email address will not be published. Required fields are marked *