കോഴിക്കോട് : രാമനാട്ടുകരയിൽ 5,200 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. വാടകവീട്ടിലും സ്കൂട്ടറിന്റെ ഡിക്കിയിലും ആയാണ് പുകയില ഉൽപന്നങ്ങൾ അടങ്ങിയ പാക്കറ്റുകൾ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രാമനാട്ടുകര അമ്പലക്കണ്ടി സ്വദേശി പള്ളിക്കര വീട്ടിൽ മുസ്തഫയെ (52) ഫറോക്ക് സ്റ്റേഷൻ എസ്ഐ എൻ.കെ.മിഥുന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. ശനിയാഴ്ച ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
രാമനാട്ടുകര ഹെൽത്ത് സെന്ററിനു സമീപം നീലിത്തോട് പാലത്തിനടുത്ത് ഒരു വീട്ടിൽ ലഹരി വസ്തുക്കൾ ഉണ്ടെന്നു പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്. തുടർന്ന് 6 ചാക്കിലായി സൂക്ഷിച്ച അയ്യായിരത്തോളം പാക്കറ്റ് പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തു. വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ നിന്നു 180 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളും കണ്ടെത്തി. തുടർന്ന് സ്കൂട്ടറും പ്രതിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

രാമനാട്ടുകരയിൽ സ്റ്റേഷനറി കട നടത്തുന്ന പ്രതി ഈ കടയുടെ മറവിലാണ് നിരോധിത പുകയില ഉൽപന്നങ്ങൾ മൊത്തമായും ചില്ലറയായും വിൽപന നടത്തിയിരുന്നത്. വീട് വാടകയ്ക്ക് എടുത്തത് നിരോധിത പുകയില ഉൽപന്നങ്ങൾ സൂക്ഷിക്കാനാണെന്നും രാമനാട്ടുകര ഭാഗങ്ങളിലെ ഇതരസംസ്ഥാന തൊഴിലാളികളും വിദ്യാർഥികളും യുവാക്കളും ഇതു വാങ്ങാൻ കടയിൽ വരാറുണ്ടെന്നും പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു. ആർക്കൊക്കെയാണ് ഇയാൾ പുകയില ഉൽപന്നങ്ങൾ എത്തിച്ച് കൊടുക്കുന്നതെന്നും ആരിൽ നിന്നാണ് വാങ്ങിക്കുന്നതെന്നും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. ഫറോക്ക് സ്റ്റേഷൻ എസ്ഐ സുജിത്ത്, റിനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സനീഷ്, രംജീഷ്, സജില എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
