തൃശൂർ: കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചതിന്റെയും രണ്ട് പേർക്ക് ജീവൻ നഷ്ടമായതിന്റെയും ഞെട്ടലിലാണ് കുന്നംകുളം പഴഞ്ഞിയിലെ നാട്ടുകാർ. ഗൃഹനാഥൻ സിബി, മകൾ 19കാരി അലീന എന്നിവരാണ് മരിച്ചത്. ഭാര്യ ബീന, മകൻ ആദിത്യൻ എന്നിവർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
ആത്മഹത്യാ കുറിപ്പിൽ സാമ്പത്തിക പ്രയാസങ്ങളെ കുറിച്ച് സൂചന ഇല്ല. ‘ജീവിതം മടുത്തു, ഞങ്ങൾ പോകുന്നു’, എന്ന് മാത്രമാണ് കുറിപ്പിൽ പറയുന്നത്. ജോലി നഷ്ടമായതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് സിബി ഖത്തറിൽ നിന്ന് നാട്ടിലെത്തിയത്. സിബി എത്തിയ ശേഷം പുറത്തിറങ്ങിയില്ലെന്നും ഇന്നലെ കുടുംബത്തിലെ ആരെയും പുറത്തു കണ്ടില്ലെന്നും അയൽവാസിയായ സുധാകരൻ പറഞ്ഞു.

ആദ്യം വീട്ടിലേക്ക് എത്തിയത് താനാണ്. സിബിയുടെ മകൻ ആദിത്യൻ ഭാര്യയുടെ ഫോണിലേക്ക് വിളിച്ചിട്ട് അച്ഛനും ചേച്ചിയും അമ്മയും മരിച്ചെന്നു പറഞ്ഞു. ആദിത്യനും വിഷം കഴിച്ച നിലയിലായിരുന്നു. അമ്മ ബീനയുടെ ദേഹത്ത് മുറിവുകൾ ഉണ്ടായിരുന്നു. കൈ ഞരമ്പ് മുറിച്ചെന്നാണ് സംശയം.
പേടി കൊണ്ടാണ് കിണറ്റിൽ ചാടാതിരുന്നതെന്നാണ് ആദിത്യൻ പറഞ്ഞത്. ആദിത്യൻ പഠിക്കാൻ മിടുക്കനായിരുന്നു. സിബി ശനിയാഴ്ച 11 മണിയോടെ എത്തിയിട്ടുണ്ട്. പക്ഷെ ആരും അറിഞ്ഞില്ല. കുടുംബത്തിന് സാമ്പത്തിക പ്രയാസം ഉള്ളതായി അറിയില്ലെന്നും സുധാകരൻ പറഞ്ഞു.
