ശാസ്താംകോട്ട : പൂട്ടിയിട്ടിരുന്ന വീടിന്റെ വാതിൽ തകർത്ത് അഞ്ച് പവൻ സ്വർണാഭരണങ്ങളും അറുപതിനായിരം രൂപയും കവർന്നു. മുതുപിലാക്കാട് പടിഞ്ഞാറ് കലാ സദനം തങ്കമണിയമ്മയുടെ വീട്ടിലാണ് സംഭവം. തങ്കമണിയമ്മയും സഹായിയായ സ്ത്രീയും മാത്രമാണ് ഇവിടെ താമസിക്കുന്നത്. തങ്കമണിയമ്മയെ ഒരാഴ്ചയായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സഹായിയായ സ്ത്രീ എല്ലാ ദിവസവും വീട്ടിൽ വന്ന് ഭക്ഷണം തയാറാക്കി കൊണ്ടു പോവുകയും ചെയ്തിരുന്നു.

ഇന്നലെ വീടിന്റെ മുൻഭാഗത്തെ കതക് തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികളാണ് മോഷണം നടന്നതായി കണ്ടെത്തിയത്. ആയുധം ഉപയോഗിച്ച് കതകിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന ശേഷം തങ്കമണിയമ്മ കിടക്കുന്ന മുറിയുടെ പൂട്ടു തകർത്തു. സിസിടിവി ക്യാമറ സംവിധാനവും കവർന്നു. കഴിഞ്ഞ ദിവസങ്ങളിൽ മൈനാഗപ്പള്ളി ഉദയാ ജംക്ഷനിലും കുന്നത്തൂർ ഐവർകാലയിലും ശൂരനാട് വടക്ക് ആനയടിയിലും വീട് കുത്തിത്തുറന്ന് മോഷണ ശ്രമം ഉണ്ടായി. പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.
