കാഫിർ സ്‌ക്രീൻഷോട്ട് കേസ്: ‘ജാമ്യവ്യവസ്ഥ ലംഘിച്ചു’; ജിതിൻ ഭാസ്കറിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്

വടകര റൂറൽ എസ്പി മെറിൻ ജോസഫിനാണ് പരാതി നൽകിയത്


കോഴിക്കോട്: വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ മുഖ്യപ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ്. ജിതിൻ ഭാസ്‌കർ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാണ് ആരോപണം. പരാതിയുമായി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ദുൽഖിഫിലാണ് പൊലീസിനെ സമീപിച്ചത്. വടകര റൂറൽ എസ്പി മെറിൻ ജോസഫിനാണ് പരാതി നൽകിയത്. സോഷ്യൽ മീഡിയയിലൂടെ സാക്ഷികളെ ഭയപ്പെടുത്തിയെന്നും എസ്‌ഐടിയെ വെല്ലുവിളിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്.

ഫേസ്ബുക്കിലൂടെ വെല്ലുവിളിയുമായി കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ പ്രതിചേർക്കപ്പെട്ട ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്‌കർ നേരത്തെ രംഗത്ത് വന്നിരുന്നു. പത്ത് പേർക്കെങ്കിലും സ്‌ക്രീൻഷോട്ട് അയച്ച് നൽകിയെന്ന് തെളിയിക്കാനാകുമോ എന്ന് വെല്ലുവിളി ഉയർത്തിയാണ് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചത്. പാർട്ടി നേതൃത്വം പറഞ്ഞത് കൊണ്ടാണ് കൂടുതൽ പ്രതികരിക്കാത്തതെന്നും ജിതിൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ച് ജിതിൻ ജയിലിൽ നിന്നും പുറത്തിറങ്ങിയത്.

തെരഞ്ഞെടുപ്പ് കാലത്ത് തന്റെ ബ്രോഡ്കാസ്റ്റ് ഗ്രൂപ്പിലൂടെയാണ് എൽഡിഎഫിന് വേണ്ടി പ്രചരണം നടത്തിയിരുന്നത്. ഇതിൽ കോൺഗ്രസുകാർ ഉൾപ്പടെ 250ഓളം പേരുണ്ട്. താൻ 200 പേർക്ക് പോസ്റ്റ് ഷെയർ ചെയ്തു എന്നാണല്ലോ പറയുന്നത്. എന്നാൽ താൻ 10 പേർക്കെങ്കിലും കാഫിർ സ്‌ക്രീൻഷോട്ട് അയച്ചതിന് തെളിവ് തരാനാകുമോ എന്നാണ് ജിതിൻ ഭാസ്‌കറിന്റെ വെല്ലുവിളി. ഇത് കാണിക്കാനായാൽ കാഫിർ സ്‌ക്രീൻഷോട്ടിന് പിന്നിൽ താനാണെന്ന് ഉറപ്പിച്ചോളൂ എന്നും ജിതിൻ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു. കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമുള്ള ജിതിൻ ഭാസ്‌കറിന്റെ ആദ്യ പ്രതികരണമാണ് ഇത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോൾ സിപിഐഎം നേതൃത്വം ജയിലിന് പുറത്ത് ജിതിന് സ്വീകരണമൊരുക്കിയത് നേരത്തെ വിവാദമായിരുന്നു.

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ പ്രധാന തെളിവുകൾ നശിപ്പിക്കപ്പെട്ടെന്നാണ് ജിതിൻ ഭാസ്കറിന്റെ റിമാൻഡ് റിപ്പോർട്ടിലുണ്ട്. മൊബൈൽ ഫോൺ റീസെറ്റ് ചെയ്ത് തെളിവുകൾ നശിപ്പിച്ചതിനാൽ ജില്ലാ ഫോറൻസിക് വിഭാഗത്തിന് ഡേറ്റ തിരിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. സംസ്ഥാന ഫോറൻസിക്ക് വിഭാഗത്തിന് ഫോൺ അയക്കണമെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്. റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചിരുന്നു. തെളിവ് നശിപ്പിക്കാനുള്ള നീക്കം അറസ്റ്റിലായ ജിതിൻ ഭാസ്‌കറിന്റെ ഭാഗത്ത് നിന്നുണ്ടായെന്നും ജിതിൻ ഭാസ്‌കറോ ജിതിന്റെ സഹായിയോ ആകാം കാഫിർ സ്‌ക്രീൻഷോട്ട് നിർമിച്ചതെന്നായിരുന്നു റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *