കൊയിലാണ്ടി: ദേശീയപാതയിൽ നന്തി മേൽപ്പാലത്തിന് മുകളിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം. ഇന്ന് ഉച്ചയ്ക്ക് 2.15-ഓടെയാണ് സംഭവം. കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ‘ദേവനന്ദ’ ബസ്സും വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ‘സീയ മോൾ’ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുമാണ് മേൽപ്പാലത്തിന് മുകളിൽ വെച്ച് നേർക്കുനേർ ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ബസ് ഡ്രൈവർ ഉൾപ്പെടെ പത്തോളം യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടവിവരമറിഞ്ഞ് കൊയിലാണ്ടിയിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ പി.എമ്മിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന ഉടനടി സ്ഥലത്തെത്തി.
കൂടുതൽ അപകടങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ഫയർഫോഴ്സ് സംഘം, ഇടിയെത്തുടർന്ന് റോഡിൽ ചിതറിവീണ അപകടകരമായ ചില്ലുകഷണങ്ങളും ഓയിലും വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മുക്കാൽ മണിക്കൂറോളം പൂർണ്ണമായി ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് പോലീസും അഗ്നിരക്ഷാ സേനയും ചേർന്ന് വാഹനങ്ങൾ റോഡിൽ നിന്നും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
രക്ഷാപ്രവർത്തനത്തിന് എസ്.എഫ്.ആർ.ഒ (SFRO) രാജുമോൻ, എഫ്.ആർ.ഒ (FRO) മാരായ ലതീഷ് നടുക്കണ്ടി, രതീഷ് കെ.എൻ, ജാഹിർ എം, ഇർഷാദ് ടി.കെ, നിധി പ്രസാദ് ഇ.എം, രജീഷ് വി.പി, രജിലേഷ് സി.എം, ഹോം ഗാർഡുമാരായ ബാലൻ ടി.പി, ഷൈജു, ബൈജു എന്നിവർ നേതൃത്വം നൽകി.
