തൃശൂർ: സ്ത്രീകളുടെയും പെൺകുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പണം വാങ്ങി പ്രചരിപ്പിച്ച യുവാവ് പിടിയിൽ. രക്ഷിതാക്കളോടപ്പം പോലീസ് സ്റ്റേഷനിൽ എത്തി ഇയാൾ കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. ഇതോടെയാണ് യുവാവ് കുന്നംകുളം പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. സ്റ്റേഷനിൽ കീഴടങ്ങിയ ചൊവ്വന്നൂർ സ്വദേശി അനന്തു (25) വിനെ കുന്നംകുളം പോലീസ് ഐ.ടി. ആക്ട് പ്രകാരം കേസെടുത്തത് അറസ്റ്റ് ചെയ്തു. സംഭവം വിവാദമായതോടെ കഴിഞ്ഞ രാത്രി അനന്തുവിനെ യുവതികളുടെ ബന്ധുക്കൾ സ്വകാര്യ ടർഫിലേക്ക് വിളിച്ചു കൊണ്ടുപോയി മർദ്ദിച്ചിരുന്നു. മർദ്ദനത്തിൽ ദേഹമാസകലം അടിയേറ്റ പാടുകളുണ്ട്. രണ്ട് കൈൾക്കും ഗുരുതര പരുക്കുണ്ട്.
പരാതിക്കാരിയായ യുവതിയുടെ മോർഫ് ചെയ്ത ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സുഹൃത്ത് വിവരം യുവതിയെ അറിയിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് യുവതി പോലീസിൽ പരാതി നൽകി. സംശയം തോന്നിയതിനെത്തുടർന്ന് നാട്ടുകാർ യുവാവിനെ തടഞ്ഞുനിർത്തി ഫോൺ പരിശോധിച്ചപ്പോഴാണ് നടുക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പ്രതിയുടെ ഫോണിൽനിന്ന് 40 കുടുംബങ്ങളിലെ 70 സ്ത്രീകളുടെ മോർഫ് ചെയ്ത ആയിരക്കണക്കിന് ചിത്രങ്ങൾ നാട്ടുകാർ കണ്ടെത്തി. പരാതിക്കാരിയുടെ മൊഴി ഉൾപ്പെടെയുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ചു.
സംഭവത്തിൽ കൂടുതൽ പരാതികൾ ഉയരാൻ സാധ്യതയുള്ളതിനാൽ പ്രതിക്കെതിരെ ശക്തമായ വകുപ്പുകൾ ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കി. കുറച്ചു കാലം ഗൾഫിലായിരുന്ന ഇയാൾ നാട്ടിൽ തിരിച്ചെത്തിയ ശേഷം യൂറോപ്പ്, ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് വിസ ശരിയാക്കി കൊടുക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. ഒഴിവ് ദിവസങ്ങളിൽ സ്‌കൂൾ ബസിലും സ്വകാര്യ കാറുകളിലും ഡ്രൈവറായി ജോലിക്ക് പോകാറുണ്ട്. വിസ ശരിയാക്കുന്ന ഘട്ടങ്ങളിലും യാത്രകളിലും മറ്റ് സന്ദർഭങ്ങളിലും കാണുന്ന പെൺകുട്ടികളുടെയും സ്ത്രീകളുടെയും ഫോട്ടോകൾ മൊബൈൽ ഫോണിൽ പകർത്തി മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളായാണ് സാമൂഹിക മാധ്യമം വഴി ഇയാൾ വിറ്റഴിച്ചിരുന്നത്. അറസ്റ്റിലായ അനന്തുവിനെ കൂടുതൽ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. മോർഫിംഗിനും മറ്റുള്ള കാര്യങ്ങൾക്കും അനന്തുവിനെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.