14-കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതി ഇൻസ്‌പെക്ടറെ വെട്ടി; കാലിൽ വെടിവെച്ച് വീഴ്ത്തി പോലീസ്

കോയമ്പത്തൂർ: കോയമ്പത്തൂരിൽ 14 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതികളിൽ ഒരാളെ പോലീസ് കാലിൽ വെടിവെച്ചു വീഴ്ത്തി പിടികൂടി. ഓടി രക്ഷപ്പെടാൻ ശ്രമിച്ചതോടെയാണ് പൊലീസ് വെടിയുതിർത്തത്. സംഭവത്തിൽ കോയമ്പത്തൂർ സ്വദേശികളായ സന്തോഷ് (24), തവാസി (28) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകുന്നേരം ഏഴരയോടെയാണ് പെൺകുട്ടിയെ

ഇരുചക്രവാഹനത്തിൽ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതി കോയമ്പത്തൂർ ഓൾ വുമൺ (സൗത്ത്) പോലീസ് സ്റ്റേഷനിൽ ലഭിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പെൺകുട്ടിയെ കാഞ്ചികോണംപാളയത്തിന് സമീപമുള്ള ഒരു വീട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് പെൺകുട്ടിയെ പോലീസ് സുരക്ഷിതമായി രക്ഷപ്പെടുത്തി ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും രണ്ട് പ്രതികളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

തുടർന്ന് കേസിന്റെ തെളിവെടുപ്പിന്റെ ഭാഗമായി, പെൺകുട്ടിയെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച അരിവാൾ കണ്ടെടുക്കുന്നതിനായി ഇൻസ്‌പെക്ടർ സ്വർണ്ണവല്ലിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയായ തവാസിയെ സംഭവസ്ഥലത്ത് എത്തിച്ചു. അവിടെവെച്ച് തവാസി ഒളിപ്പിച്ചു വെച്ച അരിവാൾ ഉപയോഗിച്ച് ഇൻസ്‌പെക്ടർ സ്വർണ്ണവല്ലിയെ ആക്രമിക്കുകയും അവർക്ക് പരിക്കേൽക്കുകയും ചെയ്തു. വീണ്ടും ആക്രമിക്കാൻ മുതിർന്നതോടെ കൂടെയുണ്ടായിരുന്ന സബ് ഇൻസ്‌പെക്ടർ ചിലമ്പരശൻ പ്രതിക്ക് നേരെ വെടിയുതിർക്കുകയും വെടിയേറ്റ് കാലിന് പരിക്കേറ്റ തവാസിയെ വീഴ്ത്തുകയുമായിരുന്നു. പരിക്കേറ്റ ഇൻസ്‌പെക്ടർ സ്വർണ്ണവല്ലിയെയും പ്രതിയായ തവാസിയെയും കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമായി തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *