മലയാളി മെഡിക്കൽ വിദ്യാർത്ഥിനിയുടെ മരണം: ഉസ്‌ബെക്കിസ്താനിൽ അറസ്റ്റിലായ സഹപാഠി കുറ്റം സമ്മതിച്ചു

ആലപ്പുഴ: മലയാളിയായ മെഡിക്കൽ വിദ്യാർത്ഥിനി ഉസ്‌ബെക്കിസ്താനിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ സഹപാഠി സദറുൽ അനം(23) കുറ്റം സമ്മതിച്ചു. ബുഖാര പൊലീസിനോടാണ് പ്രതി കൊലക്കുറ്റം സമ്മതിച്ചത്. ക്രൂരമായി മർദ്ദിച്ച് ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. മുറിയിൽ പൂട്ടിയിട്ട ശേഷമായിരുന്നു മർദ്ദനം. ആശുപത്രിയിലെത്തിച്ചതും സദറുൽ അനം തന്നെയാണ്. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് വിദ്യാർത്ഥിനിയുടെ മരണ കാരണം. അഫ്ഗാനിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളാണ് ഇരുവരും.

കഴിഞ്ഞ ശനിയാഴ്ച്ച കോളേജ് ഹോസ്റ്റലിൽവെച്ചായിരുന്നു സംഭവം. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ(22) ആണ് മരിച്ചത്. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭ ഭവനത്തിൽ ബസന്ത്- മിനി സുപ്രഭ ദമ്പതികളുടെ മകളാണ് സാവരിയ. ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥിനിയാണ്.

മകളെ ഫോണിൽ വിളിച്ച് ലഭിക്കാത്തത് മൂലം കുടുംബം അന്വേഷിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. പെൺകുട്ടിയുമായി വാക്കുതർക്കമുണ്ടാകുകയും പെട്ടെന്നുണ്ടായ പ്രകോപനത്തിൽ സദറുൽ അനം ആക്രമിക്കുകയുമായിരുന്നു. സാവരിയയുടെ മൃതദേഹം ഇന്നലെ ഡൽഹിയിലെത്തിച്ചിരുന്നു. ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *