കണ്ണൂർ: പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ച കേസിൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ഉടൻ പൊലീസിന് കൈമാറും. കുട്ടിയെ ചികിത്സിച്ച പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർമാർക്ക് വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തൽ. റിപ്പോർട്ട് കിട്ടിയ ശേഷമാകും പൊലീസ് തുടർനടപടി സ്വീകരിക്കുക. കേസിൽ പ്രതി ചേർക്കപ്പെട്ട ഡോക്ടർ അഞ്ജലി മുൻകൂർ ജാമ്യത്തിനായി തലശ്ശേരി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും.
കഴിഞ്ഞ ഞായറാഴ്ചയാണ് പയ്യന്നൂർ സ്വദേശികളായ സൂരജിന്റെയും വിജിഷയുടെയും ഏക മകനായ ദേവാൻഷ് ശൗര്യക്ക് കളിക്കുന്നതിനിടെ വീണ് പരിക്കേറ്റത്. ചുണ്ടിലും താടിയിലുമുണ്ടായ മുറിവിന് സ്റ്റിച്ച് ഇടാൻ പയ്യന്നൂർ ബിഎംഎച്ച് ആശുപത്രിയിൽ വെച്ച് അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞ് ഗുരുതരാവസ്ഥയിലാക്കുകയായിരിന്നു. തുടർന്ന് കണ്ണൂർ ബിഎംഎച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാത്രിയോടെ മരിച്ചു.
