കുറ്റിപ്പുറത്ത് ദേശീയപാതയിൽ ബസ് കാറിന് മുകളിലേക്ക് മറിഞ്ഞ് അപകടം: കോഴിക്കോട് പെരുവയൽ സ്വദേശി മരിച്ചു

മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യ ബസ് ഡിവൈഡറിൽ തട്ടി കാറിന് മുകളിലേക്ക് മറിഞ്ഞു. അപകടത്തിൽ ഒരാൾ മരിച്ചു. കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവാണ് മരിച്ചത്. 20 പേർക്ക് പരുക്കേറ്റു. കുറ്റിപ്പുറം ദേശീയപാതയിലാണ് അപകടം ഉണ്ടായത്.

നിയന്ത്രണം വിട്ട ബസ് ഓട്ടോയിലിടിച്ച ശേഷം ഡിവൈഡറിൽ തട്ടി കാറിന് മുകളിലേക്ക് തലകീഴായി മറിയുകയായിരുന്നു. കോഴിക്കോട് തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഡിഫെൻഡർ ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അപകടത്തിൽപ്പെട്ടത്. ബസും കാറും പൂർണമായി തകർന്നു.

കുടുങ്ങി കിടന്ന യാത്രക്കാരെ ബസിന്റെ ഒരു ഭാഗം പൊളിച്ചാണ് പുറത്ത് എത്തിച്ചത്. ദേശീയപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരുന്ന മേഖലയാണിത്. റോഡ് നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.

പരുക്കേറ്റ 20 പേരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. കുറ്റിപ്പുറത്തെയും വളാഞ്ചേരിയിലെയും കോട്ടക്കലിലേയും ആശുപത്രികളിൽ പരുക്കേറ്റവരെ പ്രവേശിപ്പിച്ചു. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *