കാസർകോട് ഒറ്റമാവുങ്കാലിലെ സദനും കുടുംബത്തിനും പുതിയ വീടൊരുക്കി നൽകാൻ ജനകീയ സമിതി. നിർമ്മാണം പൂർത്തിയാക്കി ഗൃഹപ്രവേശനത്തിന് തയ്യാറെടുക്കുന്നതിനിടെ സദൻ്റെ പുതിയ വീടിനടിയിൽ ഗുഹ കണ്ടെത്തിയത് വാർത്തയായിരുന്നു. വീട് താമസയോഗ്യമല്ലെന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് ജനകീയ സമിതിയുടെ തീരുമാനം.
കാസർകോട്: നിർമ്മാണം പൂർത്തിയാക്കി ഗൃഹപ്രവേശനത്തിന് തയ്യാറെടുക്കുന്നതിനിടെ കാസർകോട് ഒറ്റമാവുങ്കാലിലെ സദൻ്റെ വീടിനടിയിൽ വലിയൊരു ഗുഹ കണ്ടെത്തിയ സംഭവം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ ഗുഹയ്ക്ക് മുകളിലുള്ള വീട്ടിൽ താമസിക്കാൻ കഴിയില്ലെന്ന് അധികൃതർ റിപ്പോർട്ട് നൽകിയിരിക്കുകയാണ്. ഇതേ തുടർന്ന് സദനും കുടുംബത്തിനും പുതിയ വീടൊരുക്കി നൽകാൻ ജനകീയ സമിതി രൂപീകരിച്ചിരിക്കുകയാണ് നാട്ടുകാർ. കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡൻ്റ് കെ ശോഭന കുമാരിയുടെ നേതൃത്വത്തിലാണ് ജനകീയ സമിതി രൂപം കൊണ്ടത്.

ഏറെക്കാലത്തെ പരിശ്രമങ്ങൾക്കൊടുവിൽ ഒരു വീട് നിർമ്മിക്കുകയും ഗൃഹപ്രവേശനത്തിന് തീയതി നിശ്ചയിക്കുകയും ചെയ്തതിന് ശേഷമാണ് ഒറ്റമാവുങ്കാലിലെ സദനും കുടുംബവും വലിയ വിഷമം നേരിട്ടത്. കുഴിയെടുക്കുന്നതിനിടെ വീടിനടിയിൽ വലിയ ഗുഹ കണ്ടെത്തുകയായിരുന്നു. ജിയോളജി, സോയിൽ ഡിപ്പാർട്ട്മെൻ്റുകൾ നടത്തിയ പരിശോധനയ്ക്ക് ഗുഹ രൂപപ്പെട്ടതിന് കാരണം സോയിൽ പൈപ്പിങ് ആണെന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ സദനും കുടുംബത്തിനും പുതിയതായി നിർമ്മിച്ച വീട്ടിൽ താമസിക്കാൻ കഴിയില്ലെന്നാണ് അധികൃതരുടെ റിപ്പോർട്ട്.
