മലപ്പുറം: വണ്ടൂർ എറിയാടിൽ പി.വി. അബ്ദുൾ വഹാബ് എം.പിയുടെ ഡ്രൈവറെയും കുടുംബത്തെയും ആക്രമിച്ച കേസിൽ രണ്ടാം പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കരുണായപ്പടി സ്വദേശി പുലാടൻ വീട്ടിൽ ഇബ്നു റാഷിദിനെയാണ് (35) കർണാടകയിലെ ചിക്കമംഗളൂരുവിൽ നിന്ന് പോലീസ് പിടികൂടിയത്. കേസിലെ ഒന്നാം പ്രതി വിഷ്ണു ഉൾപ്പെടെ രണ്ടുപേർ നിലവിൽ ഒളിവിലാണ്.

കഴിഞ്ഞ മാസം 13ന് വൈകിട്ട് അഞ്ചോടെ എറിയാടുവച്ചാണ് സംഭവം. കാറിൽ യാത്ര ചെയ്യുകയായിരുന്ന പി വി അബ്ദുൾ വഹാബ് എംപിയുടെ ഡ്രൈവർ സിദ്ദിഖ്, സിദ്ദിഖിന്റെ മകൻ അമൽ ശാരിഖ്, ഭാര്യ, മകന്റെ 3 വയസ് പ്രായം വരുന്ന കുട്ടി എന്നിവരെയാണ് നാലുപേർ അടങ്ങുന്ന സംഘം ആക്രമിച്ചത്. വാഹന പാർക്കിങ് സംബന്ധിച്ച തർക്കമാണ് ആക്രമണത്തിന് കാരണം. കാർ ബ്ലോക്ക് ചെയ്ത് അമൽ ശാരിഖിനെ അടിക്കുകയും കാറിലുണ്ടായിരുന്ന സിദ്ദീഖിന്റെ ഭാര്യയെ അടക്കം മർദ്ദിക്കുകകയും ചെയ്തു എന്നാണ് പരാതിയിലുള്ളത്. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.
