വടകര എം.ഡി.എം.എ കേസ്: അറസ്റ്റിലായ അധ്യാപികമാരിൽ കാവ്യയും നീഷ്മയും ഇടത് സംഘടനയിലെ മുൻ ഭാരവാഹികൾ; കേസിൽ പ്രത്യേക അന്വേഷണ സംഘം

വടകര: ‘ഓപ്പറേഷൻ തൂഫാൻ’ അന്വേഷണത്തിന്റെ ഭാഗമായി വടകരയിൽ എം.ഡി.എം.എയുമായി അറസ്റ്റിലായ അധ്യാപികമാർ ഇടത് അധ്യാപക സംഘടനയുടെ മുൻ ഭാരവാഹികളെന്ന് റിപ്പോർട്ട്. സ്പെഷ്യലിസ്റ്റ് എജ്യുക്കേറ്റർമാരായ നീഷ്മ, കാവ്യ എന്നിവർ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ പേരാമ്പ്ര യൂണിറ്റിന്റെ മുൻ ഭാരവാഹികളായിരുന്നു.

കഴിഞ്ഞ വർഷം പേരാമ്പ്രയിൽ നടന്ന കെ.ആർ.ടി.എ ജില്ലാ സമ്മേളനത്തിലാണ് ഇരുവരും ഭാരവാഹിത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ മറ്റാരും ചുമതലയേൽക്കാൻ തയ്യാറാകാത്തതിനാലാണ് ഇവർക്ക് ഭാരവാഹിത്വം നൽകിയതെന്നും ഈ വർഷം ഇവർ അംഗത്വം പുതുക്കിയിട്ടില്ലെന്നുമാണ് സംഘടനാ ഭാരവാഹികളുടെ വിശദീകരണം. ഇവർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് സംഘടന മുൻപ് ഇറക്കിയ പോസ്റ്ററുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ (SIT) രൂപീകരിച്ചതായി കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക് അറിയിച്ചു. കേസിലെ മറ്റു പ്രതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.

അധ്യാപികമാർക്കൊപ്പം അറസ്റ്റിലായ ഡെലിവറി ബോയ് ജിജിൻ കുര്യാക്കോസിന്റെ ബാങ്ക് അക്കൗണ്ട് വഴി കഴിഞ്ഞ 6 മാസത്തിനിടെ ഒരു കോടി രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി പോലീസ് കണ്ടെത്തി. അധ്യാപികമാരുമായി അടുത്ത ബന്ധം പുലർത്തുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *