ട്രെയിൻ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം: അവസാന വർഷ നഴ്സിങ് പരീക്ഷ പൂർത്തിയാക്കി മടങ്ങിയ 22-കാരി മരിച്ചു,

കൊല്ലം∙ ട്രെയിൻ യാത്രയ്ക്കിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിഎസ്‌സി നഴ്സിങ് വിദ്യാർഥിനി മരിച്ചു. പരവൂർ പൂതക്കുളം കൂനംകുളത്ത് സ്നേഹാലയത്തിൽ ടി.ബിജുവിന്റെയും ഷീജയുടെയും ഏക മകൾ ബി.എസ്.സ്നേഹയാണ് (22) മരിച്ചത്. മൈസൂരുവിൽ അവസാന വർഷ നഴ്സിങ് പരീക്ഷ പൂർത്തിയാക്കി കൊല്ലത്തേക്ക് ട്രെയിൻ മാർഗം വരികയായിരുന്നു സ്നേഹ.

യാത്രയ്ക്കിടയിൽ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് എസി കംപാർട്ട്മെന്റിലുണ്ടായിരുന്ന ഡോക്ടർ സ്നേഹയെ പരിശോധിക്കുകയും ചികിത്സ നൽകണമെന്ന് റെയിൽവേ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തു. തുടർന്ന് ഞായറാഴ്ച പുലർച്ചെ ട്രെയിൻ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ റെയിൽവേ പൊലീസ് സ്നേഹയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഐസിയുവിലും പിന്നീട് വെന്റിലേറ്ററിലും പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. സ്വകാര്യ ആശുപത്രിയുടെ ചികിത്സ പിഴവാണ് മരണത്തിനു കാരണമെന്ന് സ്നേഹയുടെ ബന്ധുക്കൾ ആരോപിച്ചു. എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *