കോഴിക്കോട്: ജനറൽ ടിക്കറ്റെടുത്ത് റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടിടിഇയെ യുവതി മർദിച്ചതായി പരാതി. പാലക്കാട് ഡിവിഷനിലെ ടിടിഇ സുജിത്തിനാണ് മർദനമേറ്റത്. സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് ഷൊർണൂർ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി ഏഴരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ നിന്ന് കുറ്റിപ്പുറത്തേക്ക് പോകാനായി ജനറൽ ടിക്കറ്റെടുത്ത യുവതി, ട്രെയിനിലെ S5 റിസർവ്ഡ് കോച്ചിലാണ് യാത്ര ചെയ്തത്. ടിക്കറ്റ് പരിശോധനയ്ക്കിടെ ജനറൽ കോച്ചിലേക്ക് മാറി കയറാൻ ടിടിഇ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും, ഇത് യുവതി ടിടിഇയെ മർദിക്കുന്നതിലേക്ക് കലാശിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
മർദനമേറ്റ് പരിക്കേറ്റ ടിടിഇ സുജിത്ത് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. അതേസമയം, ടിടിഇ തന്നോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് തർക്കമുണ്ടായതെന്ന് ആരോപിച്ച് യുവതിയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇരുവിഭാഗത്തിന്റെയും പരാതികളിന്മേൽ ഷൊർണൂർ റെയിൽവേ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
