ന്യൂമാഹി: സ്ത്രീവേഷം ധരിച്ചെത്തി നിർമ്മാണത്തിലിരിക്കുന്ന വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രിക്കൽ വയറുകളും ഉപകരണങ്ങളും കവർന്നിരുന്ന യുവാവ് ന്യൂമാഹിയിൽ പിടിയിലായി. വയനാട് പുൽപ്പള്ളി സ്വദേശിയായ റോമിയോ ബേബിയാണ് പോലീസിന്റെ പിടിയിലായത്.
ന്യൂമാഹി പാലത്തിന് സമീപം മൂന്നിടങ്ങളിലാണ് ലക്ഷങ്ങളുടെ വൻ കവർച്ച നടന്നത്. അലമ്പത്ത് മീത്തൽ ജസ്ലീമിന്റെ ഉടമസ്ഥതയിലുള്ള ‘ലാർഡ് റെസ്റ്റോ കഫേ’, വി.കെ. നവാസ്, ആലമ്പത്ത് മീത്തൽ ജായിസ് എന്നിവരുടെ നിർമ്മാണത്തിലിരിക്കുന്ന വീടുകൾ എന്നിവിടങ്ങളിലാണ് ഇയാൾ മോഷണം നടത്തിയത്. ഒരേ ശൈലിയിലാണ് പ്രതി മൂന്നിടങ്ങളിലും മോഷണം ആസൂത്രണം ചെയ്തത്.
രാത്രികാലങ്ങളിൽ ആരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാൻ സ്ത്രീവേഷം ധരിച്ചാണ് ഇയാൾ കവർച്ചയ്ക്കിറങ്ങുന്നത്. പ്രതിയിൽ നിന്നും സ്ത്രീകളുടെ അടിവസ്ത്രങ്ങൾ ഉൾപ്പെടെയുള്ളവ പോലീസ് കണ്ടെത്തിയിട്ടുണ്ട്. മുൻപ് നടന്ന മോഷണങ്ങളുമായി ബന്ധപ്പെട്ട് ഉടമകൾ ന്യൂമാഹി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ നിരീക്ഷണത്തിനൊടുവിൽ, ഇന്ന് പുലർച്ചെ വീണ്ടും കവർച്ച ലക്ഷ്യമിട്ട് ഇതേ പ്രദേശത്ത് എത്തിയപ്പോഴാണ് പ്രതിയെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടിയത്. പ്രതിയുടെ മോഷണ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി. ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
