വയനാട്ടിൽ മജിസ്‌ട്രേറ്റിന്റെ വീട്ടിൽ മോഷണശ്രമം; കുപ്രസിദ്ധ മോഷ്ടാവ് അജ്മൽ നാദാപുരത്ത് പിടിയിൽ

കോഴിക്കോട്: വയനാട്ടിൽ മജിസ്‌ട്രേറ്റിന്റെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ചു കയറി മോഷണശ്രമം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് നാദാപുരത്ത് വെച്ച് പിടിയിലായി. കോഴിക്കോട് കായക്കൊടി സ്വദേശി മാങ്ങിലേരിപാറമ്മേൽ എം.പി. അജ്മൽ (40) നെയാണ് വയനാട് ജില്ലാ പോലീസിന്റെ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമും മാനന്തവാടി പോലീസും ചേർന്ന് കസ്റ്റഡിയിലെടുത്തത്. ഒരാഴ്ച നീണ്ടുനിന്ന ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിന്തുടർന്ന് പിടികൂടാൻ പോലീസിന് സാധിച്ചത്.

കഴിഞ്ഞ ജൂൺ 27-ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. മജിസ്‌ട്രേറ്റിന്റെ വീടിന്റെ പിൻഭാഗത്തുള്ള വർക്ക് ഏരിയയുടെ ഗ്രില്ലിന്റെ പൂട്ട് പൊളിച്ചാണ് പ്രതി അകത്തുകയറിയത്. മോഷണശ്രമത്തെക്കുറിച്ച് പരാതി ലഭിച്ചതോടെ മാനന്തവാടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയായിരുന്നു. ജില്ലയ്ക്ക് അകത്തും പുറത്തുമായി അഞ്ഞൂറിലധികം സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.

പേരാമ്പ്ര, കടിയങ്ങാട് ഭാഗങ്ങളിൽ നിന്ന് മോഷ്ടിച്ച KL 77 4733 നമ്പർ ആക്ടീവ സ്കൂട്ടറിലാണ് പ്രതി മോഷണത്തിനായി എത്തിയത്. പിടിക്കപ്പെടാതിരിക്കാൻ മൊബൈൽ ഫോൺ ഉപയോഗിക്കാതെ, മുഖം മറച്ച്, മോഷ്ടിച്ച ഇരുചക്ര വാഹനങ്ങളിൽ കറങ്ങിനടന്ന് മോഷണം നടത്തുന്നതാണ് പ്രതിയുടെ രീതി. പിടിയിലായ അജ്മലിനെതിരെ തലശ്ശേരി, മാനന്തവാടി, തൊട്ടിൽപ്പാലം, കൊളവല്ലൂർ, പാനൂർ, തൊണ്ടർനാട് തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *