കാഫിർ സ്‌ക്രീൻഷോട്ട് കേസ്: ജാമ്യം കിട്ടിയ ജിതിൻ ഭാസ്‌കറിന് വടകര സബ് ജയിൽ പരിസരത്ത് സി.പി.ഐ.എം സ്വീകരണം നൽകി

വടകര: വടകരയിലെ കാഫിർ സ്‌ക്രീൻഷോട്ട് പ്രതി ജിതിൻ ഭാസ്‌കറിന് സ്വീകരണമൊരുക്കി സിപിഐഎം. കേസിൽ ജാമ്യം ലഭിച്ച് പുറത്ത് ഇറങ്ങിയതിന് പിന്നാലെയാണ് ജിതിന് സ്വീകരണം ഒരുക്കിയത്. വടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. വടകര സബ് ജയിൽ പരിസരത്തായിരുന്നു സ്വീകരണം.

അതിനിടെ, കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ നിയമ പോരാട്ടത്തിനൊരുങ്ങുകയാണ് എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം. വ്യാജപരാതി നൽകി കേസിൽ പ്രതി ചേർത്തു എന്നാരോപിച്ച് കോടതിയെ സമീപിക്കാനാണ് നീക്കം. കേസിൽ തന്നെ രണ്ട് വർഷം വേട്ടയാടിയെന്ന് മുഹമ്മദ് കാസിം ആരോപിച്ചു. എൽഡിഎഫ് നൽകിയ പരാതിയിൽ ആദ്യം കേസ് എടുത്തത് കാസിമിന് എതിരെ ആയിരുന്നു. എന്നാൽ അന്വഷണത്തിൽ കാസിം അല്ല സ്‌ക്രീൻഷോട്ട് നിർമിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് എസ്‌ഐടി അന്വേഷണം വന്നപ്പോൾ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി.

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ പ്രധാന തെളിവുകൾ നശിപ്പിക്കപ്പെട്ടെന്നാണ് ജിതിൻ ഭാസ്കറിന്റെ റിമാൻഡ് റിപ്പോർട്ടിലുണ്ട്. മൊബൈൽ ഫോൺ റീസെറ്റ് ചെയ്ത് തെളിവുകൾ നശിപ്പിച്ചതിനാൽ ജില്ലാ ഫോറൻസിക് വിഭാഗത്തിന് ഡേറ്റ തിരിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. സംസ്ഥാന ഫോറൻസിക്ക് വിഭാഗത്തിന് ഫോൺ അയക്കണമെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്. റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് റിപ്പോർട്ടർ ചാനലിന് ലഭിച്ചിരുന്നു. തെളിവ് നശിപ്പിക്കാനുള്ള നീക്കം അറസ്റ്റിലായ ജിതിൻ ഭാസ്‌കറിന്റെ ഭാഗത്ത് നിന്നുണ്ടായെന്നും ജിതിൻ ഭാസ്‌കറോ ജിതിന്റെ സഹായിയോ ആകാം കാഫിർ സ്‌ക്രീൻഷോട്ട് നിർമിച്ചതെന്നായിരുന്നു റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *